കണ്ണൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും ജനുവരി 30നകം അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കണ്ണൂര്‍ മണ്ഡലത്തിലെ സമഗ്ര വിദ്യാ'ഭ്യാസ പദ്ധതി വിജയതിലകം 2017ന്റെ ഭാഗമായി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് റൂം പ്രഖ്യാപനം കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി.
സംസഥാനത്തെ എല്ലാ സ്‌കൂളുകളും ഹൈടെക് ആക്കുകയാണ്. നവംബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും ഹൈടെക് ആക്കും. ഈ ആധുനിക സംവിധാനം അക്കാദമിക് നിലവാരം മെച്ചപ്പെടുത്താന്‍ എങ്ങിനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. ഇതിനായി സമഗ്ര എന്ന പദ്ധതി നടപ്പിലാക്കും. അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. ഈ വര്‍ഷം 1,45,208 കുട്ടികള്‍ പുതുതായി പൊതുവിദ്യാലയങ്ങളിലേക്ക് കടന്നുവന്നു.
സ്വകാര്യ വിദ്യാലയങ്ങളില്‍നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ വരുന്നത് കേരളത്തിലെ മാറ്റമാണ്. ഇത് നിലനിര്‍ത്താന്‍ കഴിയണം. ജനങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്താന്‍ അധ്യാപകര്‍ക്ക് കഴിയണം. പൊതുവിദ്യാലയങ്ങളാണ് മികച്ചത് എന്ന തോന്നല്‍ പഠനാന്തരീക്ഷത്തിലൂടെ അവര്‍ക്ക് ഉണ്ടാക്കാനാവണം. അക്കാദമിക് മികവാണ് സ്‌കൂളുകളുടെ മികവെന്നും മന്ത്രി പറഞ്ഞു.
തുറമുഖപുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. എം.എല്‍.എ ഫണ്ടില്‍നിന്ന് 90 ലക്ഷം രൂപ വിനിയോഗിച്ചാണ് 86 സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഒരുക്കിയത്. മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ. പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍ക്കും ഉപഹാരം നല്‍കി.
കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത, പി.കെ ശ്രീമതി ടീച്ചര്‍ എം.പി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പങ്കജാക്ഷന്‍, കണ്ണൂര്‍ കന്‍േറാണ്‍മെന്റ് ബോര്‍ഡ് വൈസ് പ്രസിഡന്റ് കേണല്‍ പി. പത്മനാഭന്‍, കോര്‍പറേഷന്‍ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ വെള്ളോറ രാജന്‍, അഡ്വ. ടി.ഒ മോഹനന്‍, മണ്ഡലം വികസന സമിതി കണ്‍വീനര്‍ എന്‍. ചന്ദ്രന്‍, യു. ബാബുഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment