Saturday, 12 August 2017

ആഗസ്റ്റ് 19 ന് സര്‍ക്കാര്‍ ഓഫീസുകളില്‍ സദ്ഭാവനാദിനം ആചരിക്കണം

മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20 സദ്ഭാവനാദിനമായി ദേശവ്യാപകമായി ആചരിക്കും. അക്രമ മാര്‍ഗ്ഗങ്ങള്‍ വെടിഞ്ഞ് ദേശത്തിന്റെയും ഭാഷയുടെയും മതത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍ മറന്ന് എല്ലാവിഭാഗം ജനങ്ങളിലും ദേശീയ ഐക്യവും പരസ്പര സ്‌നേഹവും വളര്‍ത്തുന്നതിനുള്ള സന്ദേശം നല്‍കുന്നതിനാണ് വര്‍ഷംതോറും ഈ ദിനം ആഘോഷിക്കുന്നത്. ഈ വര്‍ഷം ആഗസ്റ്റ് 20 പൊതുഅവധി ആയതിനാല്‍ ആഗസ്റ്റ് 19 ന് സംസ്ഥാന വ്യാപകമായി സദ്ഭാവനാദിനം ആചരിക്കും. ജില്ലാ കളക്ടര്‍മാരുടേയും വകുപ്പു മേധാവികളുടെയും ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ആഗസ്റ്റ് 19 ശനിയാഴ്ച രാവിലെ 11 മണിക്ക് സദ്ഭാവനാദിന പ്രതിജ്ഞ സംഘടിപ്പിക്കണമെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു. 

പ്രതിജ്ഞ
'സമുദായം, മതം, പ്രദേശം, ഭാഷ തുടങ്ങിയ യാതൊരുവിധ പരിഗണനയും കൂടാതെ ഭാരതത്തിലെ എല്ലാവിഭാഗം ജനങ്ങളുടേയും ഐക്യത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമമാര്‍ഗ്ഗം സ്വകരിക്കില്ലെന്നും എല്ലാത്തരം ഭിന്നതകളും ചര്‍ച്ചകളിലൂടെയും ഭരണഘടനാപരമായ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു'.

No comments:

Post a Comment