പെന്‍ഷന്‍കാരും റേഷന്‍കാര്‍ഡ് നല്‍കണം
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനം, യൂണിവേഴ്‌സിറ്റി, സംസ്ഥാന-ജില്ല-പ്രാഥമിക സഹകരണ സംഘം, ദേശസാത്കൃത, ഷെഡ്യൂള്‍ഡ് ബാങ്ക്, സര്‍ക്കാര്‍ നിയന്ത്രണത്തിലെ കോര്‍പറേഷനുകള്‍, ലിമിറ്റഡ് കമ്പനികള്‍ എന്നിവയിലെ ജീവനക്കാര്‍ തങ്ങളുടെ പേരുള്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ ആഗസ്റ്റ് 20നകം ഡ്രോയിംഗ് ആന്‍ഡ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍ മുമ്പാകെ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. റേഷന്‍ മുന്‍ഗണന പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നടപടി.
മതിയായ കാരണമില്ലാതെ കാര്‍ഡ് ഹാജരാക്കാത്തവര്‍ക്കെതിരെ വകുപ്പ് അധ്യക്ഷന്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍ഗണനാ പട്ടികയില്‍ കടന്നു കൂടിയ ജീവനക്കാരുടെ വിവരം ആഗസ്റ്റ് 30ന് മുമ്പ് റിപ്പോര്‍ട്ടായി ഡ്രോയിംഗ് ആന്‍ഡ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നല്‍കണം. റേഷന്‍ കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുടെ സത്യവാങ്മൂലം വാങ്ങി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് പരിശോധനയ്ക്കായി നല്‍കണം.
സംസ്ഥാനത്ത് പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍ വാങ്ങുന്നവരുടെ റേഷന്‍ കാര്‍ഡുകള്‍ ബന്ധപ്പെട്ട ട്രഷറി, ബാങ്ക് ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. മുന്‍ഗണനാ പട്ടികയിലുള്ളവരുടെ വിവരം റേഷന്‍ കാര്‍ഡ് നമ്പര്‍ സഹിതം താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. റേഷന്‍ കാര്‍ഡില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവരുടെ സത്യവാങ്മൂലം ഉള്‍പ്പടെ അന്വേഷണത്തിനായി നല്‍കണം. സംസ്ഥാന, ജില്ല, പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കാര്‍ഡുകള്‍ സഹകരണ സ്ഥാപന സെക്രട്ടറിമാരും സര്‍വകലാശാലകളിലേത് പരിശോധിക്കുന്നതിന് രജിസ്ട്രാര്‍മാരും നടപടി സ്വീകരിക്കണം.
ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ് ബാങ്ക് അധികൃതര്‍ ജീവനക്കാരെ ഇതു സംബന്ധിച്ച് ബോധവത്ക്കരിക്കാന്‍ നടപടി സ്വീകരിക്കണം.
No comments:
Post a Comment